Wednesday, April 8, 2009

‘രാത്രികാലം’ അബുദാബിയില്‍ പ്രദര്‍ശിപ്പിക്കുന്നു


അല്‍ഐന്‍ ഇന്‍ഡ്യന്‍ സോഷ്യല്‍ സെന്‍റര്‍ സംഘടിപ്പിച്ച
ഹ്രസ്വ സിനിമ പ്രദര്‍ശന മത്സരത്തില്‍ മികച്ച ചിത്രം,
മികച്ച സംവിധായകന്‍, മികച്ച നടി എന്നീ
അവാര്‍ഡുകള്‍ കരസ്ഥമാക്കിയ ‘രാത്രികാലം’
എന്ന ചിത്രം അബുദാബിയില്‍ പ്രദര്‍ശിപ്പിക്കുന്നു.
ഏപ്രില്‍ ഒന്‍പത് വ്യാഴാഴ്ച രാത്രി 8:30ന്
അബുദാബി കേരള സോഷ്യല്‍ സെന്‍ററില്‍ സംഘടിപ്പിക്കുന്ന പരിപാടിയില്‍ അവാര്‍ഡ് ജേതാക്കളെ ആദരിക്കുകയും
ചിത്രത്തിന്‍റെ പിന്നണി പ്രവര്‍ത്തകരെ അനുമോദിക്കുകയും
ചെയ്യുന്നതോടൊപ്പം ‘രാത്രികാലം’ പ്രദര്‍ശിപ്പിക്കുന്നു.

കൂവാച്ചീസ് ഇന്‍റര്‍നാഷണല്‍ ഫിലിം ഡിവിഷനു വേണ്ടി
മുള്ളന്‍ അബ്ദുല്‍ സലാം നിര്‍മ്മിച്ച ‘രാത്രികാലം’
എന്ന ഹ്രസ്വ ചിത്രത്തില്‍ മാസ്റ്റര്‍ രാഹുല്‍ ജോണ്‍,
അനന്തലക്ഷ്മി ഷറീഫ്, അമ്പിളി രവീന്ദ്രന്‍, ഷറഫ്,
സഗീര്‍ ചെന്ത്രാപ്പിന്നി, പി. എം. അബ്ദുല്‍ റഹിമാന്‍
എന്നിവര്‍ അഭിനയിച്ചിരിക്കുന്നു.
പ്രവാസി കുടുംബങ്ങളില്‍ താല്‍കാലിക ജോലിയില്‍ എത്തി ച്ചേരുന്ന,
വിശിഷ്യാ പ്രസവാനന്തര ശുശ്രൂഷക്കായി ജോലി ചെയ്യുന്ന
‘ആയ’ മാരുടെ ജീവിതമായിരുന്നു ഈ സിനിമയില്‍
അയൂബ് കടല്‍മാട് അവതരിപ്പിച്ചത്.
ഷിഹാബുദ്ദീന്‍ പൊയ്ത്തുംകടവിന്‍റെ വരികള്‍ക്ക്
സംഗീതം നല്‍കിയിരിക്കുന്നത് വടുതല അബ്ദുല്‍ ഖാദര്‍.
ആലാപനം: നൈസി സമീര്‍,
എഡിറ്റിങ് : ആരോമല്‍,
ക്യാമറ : ഫൈന്‍ ആര്‍ട്സ് ജോണി,
അസ്സോസിയേറ്റ്: പി. എം. അബ്ദുല്‍ റഹിമാന്‍,
ആശയം, സംവിധാനം: അയൂബ് കടല്‍മാട്.

രാത്രി കാലം മികച്ച ചിത്രം

അല്‍ഐന്‍ ഇന്‍ഡ്യന്‍ സോഷ്യല്‍ സെന്‍റര്‍ സാഹിത്യ വിഭാഗം സമാപന സമ്മേളനത്തോ ടനുബന്ധിച്ച് സംഘടിപ്പിച്ച ഹ്രസ്വ സിനിമ പ്രദര്‍ശന മത്സരത്തില്‍ അയൂബ് കടല്‍മാട് സംവിധാനം ചെയ്ത ‘രാത്രി കാലം’ഒന്നാം സ്ഥാനം നേടി.
ശങ്കര്‍ ശ്രീലകം സംവിധാനം ചെയ്ത ‘Eയുഗം’ സലീം ഹനീഫ് സംവിധാനം ചെയ്ത ‘ബ്ലാങ്ക് പേജ്’ എന്നിവ രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി.പ്രവാസി എന്ന വിഷയത്തെ ആധാരമാക്കി 5 മിനിട്ട് ദൈര്‍ഘ്യമുള്ള 5 സിനിമകളാണ് അവസാന റൌണ്ട് മത്സരത്തില്‍ എത്തിയത്.
മുള്ളന്‍ അബ്ദുല്‍ സലാം അവതരിപ്പിച്ച ‘രാത്രി കാല’ ത്തിന് മികച്ച ചിത്രത്തോടൊപ്പം, മികച്ച സംവിധായകന്‍ (അയൂബ് കടല്‍മാട്), മികച്ച നടി (അനന്ത ലക്ഷ്മി ഷറീഫ്) എന്നീ അവാര്‍ഡുകളും, ജൂറിയുടെ പ്രത്യേക അഭിനന്ദനവും ലഭിച്ചു.
ഷാനവാസ് ആറ്റിങ്ങല്‍ നിര്‍മ്മിച്ച് നായകനായി അഭിനയിച്ച ‘Eയുഗം’ മികച്ച രണ്ടാമത്തെ ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടു. മികച്ച തിരക്കഥ (ശങ്കര്‍ ശ്രീലകം), മികച്ച ക്യാമറ (ഷമീര്‍ വടക്കേക്കാട്), മികച്ച എഡിറ്റിംഗ് (ലിജേഷ് നന്ദനം, ഗോള്‍ഡന്‍ ഐ സ്റ്റുഡിയോ) എന്നീ അവാര്‍ഡുകളും ‘Eയുഗം’ കരസ്ഥമക്കി.മൂന്നാം സ്ഥാനത്ത് എത്തിയ ‘ബ്ലാങ്ക് പേജ്’ ഏറ്റവും നല്ല നടനുള്ള അവാര്‍ഡും (സലീം ഹനീഫ്), പശ്ചാത്തല സംഗീതത്തിനുള്ള അവാര്‍ഡും കരസ്ഥമക്കി. മികച്ച സഹ നടന്‍, ശബ്ദ മിശ്രണം എന്നിവക്കുള്ള അവാര്‍ഡ് ‘നിഴലുകള്‍’ നേടി. സഹ നടി, ബാല താരം എന്നീ അവാര്‍ഡുകള്‍ ‘നാളെയുടെ പ്രവാസി’ നേടി.രാത്രി കാലം, Eയുഗം, ബ്ലാങ്ക് പേജ്, നിഴലുകള്‍, നാളെയുടെ പ്രവാസി എന്നീ അഞ്ചു ചിത്രങ്ങളും ഉയര്‍ന്ന നിലവാരം പുലര്‍ത്തിയിരുന്നു എന്നും സാങ്കേതികമായ ജയ പരാജയങ്ങള്‍ മാത്രമയിരുന്നു നടന്നതെന്നും വിധി നിര്‍ണ്ണയിച്ച സത്യജിത്ത് വാരിയത്തും ശിവ കുമാറും പറഞ്ഞു.
പ്രവാസി കുടുംബങ്ങളില്‍ താല്‍കാലിക ജോലിയില്‍ എത്തി ച്ചേരുന്ന, വിശിഷ്യാ പ്രസവാനന്തര ശുശ്രൂഷക്കായി ജോലി ചെയ്യുന്ന ‘ആയ’ മാരുടെ ജീവിതമായിരുന്നു രാത്രി കാലം എന്ന സിനിമയില്‍ അയൂബ് കടല്‍മാട് അവതരിപ്പിച്ചത്. ‘രാത്രി കാലം’ എന്ന പേര്‍ എന്തു കൊണ്ട് സ്വീകരിച്ചു എന്നുള്ള ജൂറിയുടെ ചോദ്യത്തിന്, ഇത്തരം കഥാപാത്രങ്ങളുടെ ജീവിതം രാത്രികള്‍ക്ക് സമമാണെന്നും പകലുകള്‍ അവര്‍ക്ക് അന്യമാണെന്നും സംവിധായകന്‍ പറഞ്ഞു. പ്രൊഫഷണലിസം നിറഞ്ഞു നിന്നു ഈ ചിത്രത്തില്‍ എന്ന് ജൂറി പ്രത്യേകം പരാമര്‍ശിച്ചു.വിജയികള്‍ക്ക് ഐ. എസ്. സി. മാനേജിംഗ് കമ്മിറ്റി പുരസ്കാരങ്ങള്‍ നല്‍കി. ഈ ആവേശകരമായ തുടക്കം പിന്നീടുള്ള കുതിപ്പിന്ന് ചവിട്ടു പടി ആയിരി ക്കണമെന്ന് സാഹിത്യ വിഭാഗം സിക്രട്ടറി സാജിദ് കൊടിഞ്ഞി അഭിപ്രായപ്പെട്ടു.
- പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി
www.ePathram.com