Thursday, November 12, 2009

നവംബറിലെ നഷ്ടം


ശൈഖ് സായിദ് വിട പറഞ്ഞിട്ട് അഞ്ചു വര്‍ഷം തികയുന്നു. ഒരു പുരുഷായുസ്സ് മുഴുവന്‍ തന്റെ നാടിനും നാട്ടുകാര്‍ക്കും മാത്രമല്ല, സഹായം തേടി എത്തിയവര്‍ക്കും സ്നേഹവും സഹാനുഭൂതിയും കാരുണ്യവും നല്കി, മരുഭൂമിയില്‍ മലര്‍ വാടി വിരിയിച്ച സ്നേഹത്തിന്റെ സുല്‍ത്താന്‍ ആയിരുന്നു യു. എ. ഇ. യുടെ രാഷ്ട്ര പിതാവും അബുദാബിയുടെ ഭരണാധികാരി യുമായിരുന്ന ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന്‍. രാജ്യം നിശ്ചലമായ നിമിഷമായിരുന്നു അത്... ഔദ്യോഗിക വാര്‍ത്താ ഏജന്‍സി , ആ ദേഹ വിയോഗം ലോകത്തെ അറിയിച്ച നിമിഷം - റമദാനിലെ രാത്രിയില്‍- ലോകത്തിന്റെ പരിഛേദമായ ഈ രാജ്യം തേങ്ങി. 'ബാബാ സായിദ് 'എന്നു സ്നേഹ പുരസ്സരം വിളിച്ച് ആദരിച്ച രാഷ്ട്ര നായകന്റെ വേര്‍പാട് ഉള്‍ക്കൊള്ളാ നാവാതെ രാജ്യം വിറങ്ങലിച്ചു നിന്നു. പാവങ്ങളുടെ പ്രതീക്ഷയായിരുന്ന, കരിന്തിരി കത്തി ത്തുടങ്ങിയ അനേകായിരം കുടുംബങ്ങളില്‍ ഐശ്വര്യത്തിന്റെ വെള്ളി വെളിച്ചം പരത്തിയ ആ സൂര്യ തേജസ്സ്, നേതൃ സിദ്ധി കൊണ്ടും ഭരണ വൈഭവം കൊണ്ടും ലോകത്തിനു മാതൃക യായി മാറിയ വഴി കാട്ടിയും ഗുരുനാഥനുമായ ശൈഖ് സായിദ് വിട ചൊല്ലിയപ്പോള്‍, ആ മഹാനുഭാവനെ അടുത്തറിഞ്ഞ ലോക ജനത യുടെ മനസ്സ്‌ വേദന കൊണ്ട് പിടഞ്ഞു.